ഷെങ്കന്‍ മാതൃകയിലുള്ള ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ജിസിസി
ദുബൈ: ഒരേ ഭാഷയും സംസ്‌കാരവും ആതിഥ്യമര്യാദകളുമെല്ലാം സൂക്ഷിക്കുന്ന അറബ് രാജ്യങ്ങളായ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍(ജിസിസി) രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് ഒരൊറ്റ വിസയെന്ന ആശയം നടപ്പാക്കാന്‍ രാജ്യങ്ങള്‍ ഒരുങ്ങുന്നു. നിലവില്‍ ഓരോ രാജ്യത്തും സന്ദര്‍ശനം നടത്താന്‍ പ്രത്യേകം പ്രത്യേകം വിസകള്‍ ആവശ്യമാണെന്നത് പലപ്പോഴും മേഖലയിലൂടെ ഒന്നിച്ചൊരു ട്രിപ് ആഗ്രഹിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സഞ്ചാരികളെ തങ്ങളുടെ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ വിസ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇത്തരം ഒരു വിസ കുറേ കാലമായി ജിസിസി രാജ്യങ്ങളുടെ പരിഗണനാ വിഷയമാണെങ്കിലും ഈ വര്‍ഷം അത് യാഥാര്‍ഥ്യമാവുമെന്നാണ് കരുതുന്നത്.
ഗള്‍ഫ് ഗ്രാന്റ് ടൂര്‍സ് വിസ എന്ന് അറിയപ്പെടുന്ന ഈ വിസയില്‍ ആറ് ജിസിസി രാജ്യങ്ങളും ഒരാള്‍ക്ക് യാതൊരു യാത്രാ രേഖാ പ്രശ്‌നങ്ങളുമില്ലാതെ സന്ദര്‍ശിക്കാനാവും. വിനോദസഞ്ചാരികള്‍ക്കൊപ്പം വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി മേഖല സന്ദര്‍ശിക്കുന്നവര്‍ക്കും ഈ വിസ ഏറെ ഉപകാരപ്രദമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജിസിസി രാജ്യങ്ങളായ യുഎഇ, ഖത്തര്‍, സഊദി, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ഓരൊറ്റ വിസയില്‍ 30 ദിവസത്തിലധികം തങ്ങാന്‍ സാധിക്കുന്ന തരത്തിലാണ് വിസ യാഥാര്‍ഥ്യമാക്കുക. ഇതുമായി ബന്ധപ്പെട്ട് ഒമാനിലും ദുബൈയിലുമെല്ലാം ജിസിസി രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഗള്‍ഫ് മേഖല എണ്ണേതര വരുമാനം മുന്നില്‍കണ്ട് വിനോദസഞ്ചാര രംഗത്ത് വന്‍ മുതല്‍ മുടക്ക് നടത്തിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഇത്തരം ഒരു വിസ പ്രാബല്യത്തില്‍ വരുന്നത് വിനോദസഞ്ചാര മേഖലയില്‍നിന്നുള്ള വരുമാനം ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.