കര്‍ണാടകയില്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ എച്ച് ജി എം എല്‍; ഒരു ഖനി കേരളത്തിന് സമീപം
ലക്ഷ്യമിടുന്നത് വന്‍ സാമ്പത്തിക നേട്ടം
കര്‍ണാടകയില്‍ സ്വര്‍ണം കുഴിച്ചെടുക്കാനുള്ള നീക്കവുമായി ഇന്ത്യയിലെ ഏക സ്വര്‍ണ നിര്‍മാതാക്കളായ ഹുട്ടി ഗോള്‍ഡ് മൈന്‍സ് (എച്ച് ജി എം എല്‍). വലിയ സാമ്പത്തിക നേട്ടമാണ് ഇതിലൂടെ കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ലക്ഷ്യംവെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാല് ഖനന കേന്ദ്രങ്ങളില്‍ സാധ്യതാ പഠനം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അനുകൂലമായ വിപണി സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഉല്പാദന വിപുലീകരണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എച്ച്ജിഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ ശില്പ ആര് മണികണ്ട്രോളിനോട് പറഞ്ഞു. ”സ്വര്‍ണ വിലയിലെ വര്‍ധനവ് കണക്കിലെടുത്ത് ലാഭം വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സാധ്യതാ പഠനങ്ങള്‍, സാമ്പത്തിക ലാഭക്ഷമത, എന്നിവയെ അടിസ്ഥാനമാക്കി അന്തിമ തീരുമാനം എടുക്കും, ”ശില്പ പറഞ്ഞു.
388.7 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന റായ്ച്ചൂര്‍ ജില്ലയിലെ ഹുട്ടി സ്വര്‍ണ ഖനിയില്‍ നിന്ന് 10 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന വണ്ടല്ലി സ്വര്‍ണ ഖനിയാണ് ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന്. മറ്റൊന്ന്, തുംകുരു ജില്ലയിലെ 38 ഹെക്ടറുള്ള അജ്ജനഹള്ളി സ്വര്‍ണ്ണഖനിയാണ്. 2002-03 ല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ഈ ഖനി അടച്ചുപൂട്ടിയതാണ്.
യാദ്ഗിര്‍ ജില്ലയില്‍ 55.7 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന മെംഗലൂരു സ്വര്‍ണഖനി 1993-94ല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്വര്‍ണ്ണ ഖനികള്‍ക്ക് പുറമെ 259 ഹെക്ടര്‍ വിസ്തൃതിയുള്ള ചിത്രദുര്‍ഗയിലെ ഇംഗല്‍ധാല്‍ ചെമ്പ് ഖനിയും പട്ടികയിലുണ്ട്. ഈ ടെന്‍ഡറുകളുടെ സാങ്കേതിക മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായിട്ടുണ്ട് എന്നും സാമ്പത്തിക ബിഡ്ഡുകള്‍ ഉടന്‍ തുറക്കും എന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.