ഗൂഗിള്‍ പേ ഇനി സൗജന്യമല്ല; പെയ്‌മെന്‍റ് നടത്താൻ അധിക ഫീസ് ഈടാക്കി തുടങ്ങി

ഓണ്‍ലൈൻ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയുടെ ചില പണമിടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കി തുടങ്ങി. വൈദ്യുതി ബില്‍, പാചക വാതക ബില്‍ തുടങ്ങിയ പേയ്‌മെന്‍റുകൾക്കാണ് ഗൂഗിൾ പേ പുതിയ കൺവീനിയൻസ് ഫീസ് ഏർപ്പെടുത്തിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കുന്ന ഉപയോക്താക്കൾക്ക് ഈ നിരക്കുകൾ ബാധകമാകും. പണമിടപാട് നടത്തുന്നതിന്‍റെ തുകയുടെ 0.5% മുതൽ 1% വരെ ഫീസും ജിഎസ്‌ടിയും ഈടാക്കി തുടങ്ങിയെന്ന് ഗൂഗിള്‍ പേ അധികൃതര്‍ അറിയിച്ചു.
UPI ബാങ്ക് ഇടപാടുകൾ സൗജന്യമായി തുടരും. UPI ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് നടത്തുന്ന പേയ്‌മെന്‍റുകൾ സൗജന്യമായിരിക്കും. ഫിൻടെക് സ്ഥാപനങ്ങൾക്കുള്ള വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെത്താണ് പുതിയ കൺവീനിയൻസ് ഫീസ് ഈടാക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ UPI ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് ആകെ 12,000 കോടി രൂപ ചെലവ് ഫിൻടെക് കമ്പനികൾ ഉണ്ടായെന്നാണ് കണക്കുകള്‍.
ഫോണ്‍ പേ, പേടിഎം തുടങ്ങി ആപ്ലിക്കേഷനുകളും ഇനി കണ്‍വീനിയൻസ് ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്. മൊബൈല്‍ റീചാര്‍ജുകള്‍ക്ക് 3 രൂപ ഫീസ് നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, അധിക ഫീസ് ഈടാക്കിയിട്ടും രാജ്യത്ത് യുപിഐ പണമിടപാട് കുതിച്ചുയരുകയാണ്. 2025 ജനുവരിയിൽ 23.48 ലക്ഷം കോടി രൂപയുടെ പണമിടപാടുകൾ രേഖപ്പെടുത്തി.