ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നതിനോട് സർക്കാർ യോജിക്കില്ല; കൃഷി മന്ത്രി

കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിന പരിപാടിയെ ചൊല്ലിയുള്ള തർക്കത്തിൽ രാജ്ഭവനെതിരെ വിമർശനവുമായി കൃഷി മന്ത്രി പി പ്രസാദ്. സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള രാജ്ഭവൻ നിലപാട് സർക്കാർ അനുവദിക്കില്ല. രാജ്യത്തിന്റെ ഭൂപടം പോലുമല്ലാത്ത, ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രം അംഗീകരിക്കണമെന്ന് പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ല
കൃഷി വകുപ്പിന്റെ പരിപാടിക്കിടെ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത പതാകയുമായി താൻ വന്നിരുന്നേൽ എന്താകും സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. പരിപാടി രാജ്ഭവനിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. സാധാരണ രീതിയിൽ നമ്മൾ ഉപയോഗിക്കുന്ന ഭാരത മാതാവിന്റെ ചിത്രമല്ല രാജ്ഭവനിൽ വെച്ചത്. ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമാണത്
അതിൽ പുഷ്പാർച്ച നടത്തണമെന്നതിനോട് സർക്കാരിന് യോജിക്കാനാകില്ല. അതുകൊണ്ടാണ് സർക്കാരിന് ആ പരിപാടി നടത്താൻ പ്രയാസമായത്. അത് രാജ്ഭവനെ അറിയിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു