Kerala
ഗോവിന്ദച്ചാമിയെ തെളിവെടുപ്പിന് എത്തിച്ചു; വിയ്യൂരിലെ ജയിലിലേക്ക് മാറ്റും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് പിന്നീട് പിടിയിലായ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് ഇയാളെ മാറ്റുന്നതെന്നാണ് വിവരം.
അതേസമയം ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ജയിൽ ചാട്ടം എങ്ങനെയെന്ന് വ്യക്തമാകുന്നതിനായാണ് തെളിവെടുപ്പ്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ തെളിവെടുപ്പിനായി എത്തിച്ചത്
ഇന്ന് പുലർച്ചെ 4.30നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. 10.30ഓടെ പിടിയിലായി. ഒന്നര മാസം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു ജയിൽചാട്ടം. ഹക്‌സോ ബ്ലേഡ് ഉപയോഗിച്ച് ജയിൽ കമ്പി മുറിച്ചു. തുണി കൂട്ടിക്കെട്ടി വടമാക്കി ഉപയോഗിച്ചായിരുന്നു മതിൽ ചാട്ടം.