ഗോവിന്ദച്ചാമി പിടിയിലായെന്ന് സ്ഥിരീകരണം; പിടികൂടിയത് കിണറ്റിനുള്ളിൽ ഒളിച്ചിരിക്കുന്നതിനിടെ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന് സ്ഥിരീകരണമായി. തളാപ്പ് ഭാഗത്തെ പറമ്പിലെ കിണറ്റിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെ തടവുചാടിയ ഇയാൾക്കായി പോലീസ് കണ്ണൂരിലും പരിസരത്തും വ്യാപക പരിശോധന നടത്തിയിരുന്നു
ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. തടവുചാടിയ ഗോവിന്ദച്ചാമിക്ക് സെൻട്രൽ ജയിലിൽ നിന്നും നാല് കിലോമീറ്റർ ദൂരം മാത്രമേ സഞ്ചരിക്കാൻ സാധിച്ചിരുന്നുള്ളു. പോലീസും നാട്ടുകാരും ഇയാൾക്കായി വ്യാപക തെരച്ചിലിന് ഇറങ്ങിയതോടെ കൂടുതൽ മുന്നോട്ടു പോകാനാകാതെ കൊടും ക്രിമിനൽ കിണറ്റിലിറങ്ങി ഒളിച്ചിരിക്കുകയായിരുന്നു
കറുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ചാണ് ഇയാൾ ജയിൽ ചാടിയത്. പുറത്തിറങ്ങിയതിന് പിന്നാലെ കറുത്ത ഷർട്ട് മാറ്റി വെളുത്ത ഷർട്ട് ധരിച്ച് തലയിലൊരു ചാക്ക് കെട്ട് വെച്ച് തന്റെ മുറിക്കൈ അതിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ നടന്നുപോയിരുന്നത്. ഇയാൾ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.