Kerala
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
ഇന്നലെ രാത്രി ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസി. പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്തില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.