Kerala

ക്ഷേമ പെന്‍ഷന്‍ തുക കൈയിട്ട് വാരിയവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും; എട്ടിന്റെ പണി കൊടുത്ത് സര്‍ക്കാര്‍

18 ശതമാനം പിഴപ്പലിശയടക്കം പണം തിരിച്ചടക്കാന്‍ ഉത്തരവ്

ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെയുള്ള 1458 പേര്‍ സാമൂഹിക ക്ഷേമ പെന്‍ഷനില്‍ കൈയ്യിട്ട് വാരിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ അനധികൃതമായി മാസം തോറും 1600 രൂപ കൈപ്പറ്റിയെന്ന് കണ്ടെത്തിയതോടെ 18 ശതമാനം പലിശ സഹിതം പണം തിരിച്ചടക്കാന്‍ ഉത്തരവിട്ടു.

ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അനര്‍ഹമായി 1458 പേര്‍ക്ക് മാസം തോറും ക്ഷേമ പെന്‍ഷന്‍ കിട്ടുമ്പോള്‍ ഒരു മാസം പൊതുഖജനാവില്‍ നിന്ന് നഷ്ടമായത് 23 ലക്ഷം രൂപയോളമാണ്. ഇതോടെയാണ് കര്‍ശന നടപടിക്ക് ശിപാര്‍ശ വന്നത്.

കൈയ്യിട്ട് വാരല്‍ ഒരു വര്‍ഷമെടുത്താല്‍ അത് രണ്ടേമുക്കാല്‍ കോടിയോളം വരുമെന്നും പെന്‍ഷന്‍ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ് വെയറിലേയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാര്‍ക്ക് സോഫ്റ്റ് വെയറിലേയും ആധാര്‍ നമ്പറുകള്‍ ഒരു പോലെ വന്നതാണ് തട്ടിപ്പ് പിടിക്കപ്പെടാനിടയാക്കിയതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അനര്‍ഹമായി വാങ്ങിയ പെന്‍ഷന്‍ തുക പിഴ സഹിതം തിരികെ ഈടാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വ്യാജരേഖകള്‍ ചമച്ച് സര്‍ക്കാരിനെ കബളിപ്പിച്ച് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെടുന്ന അവസരത്തില്‍ പെന്‍ഷന്‍ അടിയന്തരമായി റദ്ദു ചെയ്യുകയും അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക 18% പിഴപ്പലിശ സഹിതം തിരികെ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ അനര്‍ഹരായ വ്യക്തികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് സഹായകരമായ രീതിയില്‍ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജയതിലക് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.

Related Articles

Back to top button
error: Content is protected !!