ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; സൈനികരുൾപ്പെടെ 12 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീർ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം ലാൽ ചൗക്കിലെ ഞായറാഴ്ചചന്ത കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ സൈനികർ ഉൾപ്പെടെ 12 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ജമ്മു കശ്മീർ പോലീസിലെയും സിആർപിഎഫിലെയും രണ്ടുപേർ വീതം ഉൾപ്പെടുന്നതായാണ് വിവരം.
പതിനെട്ട് വയസിന് താഴെ പ്രായമുള്ള മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. മിസ്ബ (17), ആസാൻ കലൂ (17), ഫൈസൽ അഹ്‌മ്മദ്(16) എന്നിവർക്കാർ പരിക്കേറ്റത്. ഇവർക്ക് പുറമേ ഹബീബുള്ള റാത്തർ (50), അൽത്താഫ് അഹ്‌മ്മദ് സീർ (21), ഊർ ഫറൂഖ് (പ്രായം വ്യക്തമല്ല), ഫൈസൻ മുഷ്താഖ് (20), സാഹിദ് (19), ഗുലാം മുഹമ്മദ് സോഫി (55), സുമയ്യ ജാൻ (45) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിനടുത്തുള്ള ഞായറാഴ്ചച്ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. റസിഡൻസി റോഡിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നുവെന്നാണ് വിവരം. ഈ ഗ്രനേഡ് ലക്ഷ്യം തെറ്റി വഴിയോരക്കച്ചവടക്കാരന്റെ ഉന്തുവണ്ടിയിലേക്ക് വീഴുകയായിരുന്നു. തുടർന്നുണ്ടായ സ്ഫോടനത്തിലാണ് ഇത്രയധികം ആളുകൾക്ക് പരിക്കേറ്റത്.
എത്ര ഗ്രനേഡ് പൊട്ടി എന്നുള്ള കാര്യം വ്യക്തമല്ല. ഞായറാഴ്ചയായതിനാൽ വൻ തിരക്കുണ്ടായിരുന്ന പ്രദേശത്ത് സുരക്ഷാ സേനയും നിലകൊണ്ടിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച അഖ്‌നൂരിൽ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് ഭീകരരെ വധിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ജമ്മു കശ്മീരിൽ അഞ്ചിടത്ത് ആക്രമണം നടന്നിരുന്നു.