കുവൈറ്റ് തൊഴില്‍ ജനസംഖ്യയില്‍ 2.5 ശതമാനത്തിന്റെ വളര്‍ച്ച
കുവൈറ്റ് സിറ്റി: ശക്തമായ നിയന്ത്രണങ്ങള്‍ സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കുന്നതില്‍ നിലനില്‍ക്കുമ്പോഴും കുവൈറ്റിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ ജനസംഖ്യ 2.5 ശതമാനത്തോളം വര്‍ധിച്ചതായി കണക്കുകള്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കുവൈറ്റിലെ ഏറ്റവും പുതിയ തൊഴില്‍ സേനാ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് വര്‍ധനവ് വ്യക്തമായത്.
സര്‍ക്കാര്‍ മേഖലയിലെ സ്വദേശികളുടെ എണ്ണം പുതിയ സിഎസ്ബി കണക്കുകള്‍ പ്രകാരം 3,77,500 ആണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 0.5 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. സ്വകാര്യ മേഖലയിലെ കുവൈറ്റ് സ്വദേശികളുടെ എണ്ണം 74,100 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 71,400 ആയിരുന്നു. പൊതുമേഖലയില്‍ 83.6 ശതമാനവും സ്വകാര്യമേഖലയില്‍ 16.4 ശതമാനവുമാണ് സ്വദേശികളുടെ എണ്ണം.
2023ന്റെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ 28.77 ലക്ഷം തൊഴിലാളികളായിരുന്നു രാജ്യത്തുണ്ടായിരുന്നതെങ്കില്‍ 2024ന്റെ രണ്ടാം പാദം അവസാനത്തോടെ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 29.27 ലക്ഷം തൊഴിലാളികളാണ് കുവൈറ്റിലുള്ളത്. കുവൈറ്റിലെ മൊത്തം തൊഴില്‍ ശക്തിയുടെ ഏകദേശം 26.9 ശതമാനം ഗാര്‍ഹിക തൊഴിലാളികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 7,86,000 ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്ത് ജോലി ചെയ്യുന്നുണ്ടെന്നാണ് സിഎസ്ബിയുടെ കണക്കുകളില്‍നിന്നും വ്യക്തമാവുന്നത്.