ഗുജറാത്തിന്റെ 5 വിക്കറ്റുകൾ വീണു, ഇപ്പോഴും 132 റൺസ് അരികെ; കേരളം ലീഡ് പിടിക്കുമോ

രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് വീണ്ടും പ്രതീക്ഷ. നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഗുജറാത്ത് ഒന്നാമിന്നിംഗ്‌സിൽ നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് എന്ന നിലയിലാണ്. കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാളും 133 റൺസ് അകലെയാണ് ഇപ്പോഴും ഗുജറാത്ത്. കേരളം ഒന്നാമിന്നിംഗ്‌സിൽ 457 റൺസാണ് എടുത്തത്.
221ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് നാലാം ദിനം ഗുജറാത്ത് ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 238ൽ നിൽക്കെ ഗുജറാത്തിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 33 റൺസെടുത്ത ഹിംഗ്രാജിയാണ് പുറത്തായത്. സ്‌കോർ 277ൽ 148 റൺസെടുത്ത പ്രിയങ്ക് പഞ്ചലും വീണു. ഇതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷയായി
293ൽ 25 റൺസെടുത്ത ഉർവിൽ പട്ടേലും 320ൽ 27 റൺസെടുത്ത ഹേമംഗ് പട്ടേലും വീണു. കേരളത്തിനായി ജലജ് സക്‌സേന മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. എംഡി നിധീഷ്, എൻ ബേസിൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. മത്സരത്തിൽ ഫലമുണ്ടായില്ലെങ്കിലും ഒന്നാമിന്നിംഗ്‌സിൽ ലീഡ് പിടിക്കാനായാൽ കേരളത്തിന് ഫൈനലിൽ പ്രവേശിക്കാം.