Kerala
പാതിവില തട്ടിപ്പ് കേസ്: അനന്തുകൃഷ്ണന്റെ കടവന്ത്രയിലെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പിൽ ഇ ഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഇയാൾക്കെതിരെ ഏറ്റവും കൂടുതൽ തെളിവുകൾ ഉണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്ന കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടക്കുന്നത്.
വാറണ്ടുമായി ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നതിനാൽ ഇവിടെ നിന്നും ഇഡി പിൻവാങ്ങി. കടവന്ത്രയിലെ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ ഉണ്ടെന്നും പരിശോധന പൂർത്തിയാകാൻ സമയമെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.