പകുതി വില തട്ടിപ്പ്: അനന്തുകൃഷ്ണനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്
![](https://metrojournalonline.com/wp-content/uploads/2025/02/ananthu-krishnan-780x470.avif)
പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. അനന്തുവിനെ കൂടുതൽ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം. അനന്തുവിനെ അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയിരുന്നത്. പിന്നാലെ എറണാകുളം, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു
കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും. ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും അന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസിൽ ആനന്ദ് കുമാറിനെ പോലീസ് വൈകാതെ ചോദ്യം ചെയ്യും. അനന്തുകൃഷ്ണന്റെ സംഘടനയിൽ നിന്ന് ആനന്ദ് കുമാർ പ്രതിമാസം പ്രതിഫലം വാങ്ങിയതിന്റെ രേഖകൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്
വിവിധ രാഷ്ട്രീയ കക്ഷികൾക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്ന് അനന്തു കൃഷ്ണൻ പറഞ്ഞെങ്കിലും നേതാക്കളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിന്റെ പണമിടപാട് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പോലീസ് അറിയിക്കുന്നു.