അഞ്ച് വർഷമായി ശമ്പളം നൽകിയിട്ടില്ല; അധ്യാപികയുടെ ആത്മഹത്യയിൽ മാനേജ്മെന്റിനെതിരെ പിതാവ്

കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ കോർപറേറ്റ് മാനേജ്മെന്റിന്റെ വാദങ്ങൾ തള്ളി പിതാവ്. സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മാനേജ്മെന്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിരനിയമനം നൽകാനാകൂവെന്നും മരിച്ച അലീനയുടെ പിതാവ് ബെന്നി പറഞ്ഞു
മകൾ മരിച്ചതിന് ശേഷം മാനേജ്മെന്റ് പ്രതിനിധികൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. നൂറുരൂപ പോലും ഇതുവരെ ശമ്പളമായി നൽകിയില്ലെന്നും ബെന്നി പറഞ്ഞു. ഇന്നലെയാണ് അലീനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ എത്താത്തിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടത്
സ്കൂളിൽ നിന്ന് അഞ്ച് വർഷമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് അലീന തൂങ്ങിമരിച്ചതെന്ന് ബെന്നി ആരോപിച്ചു. നൂറ് രൂപ പോലും ശമ്പളമില്ലാതെ അഞ്ച് വർഷം ജോലി ചെയ്തിട്ടും അലീനയെ സ്ഥിരപ്പെടുത്താനോ രേഖകൾ നൽകാനോ ബന്ധപ്പെട്ടവർ തയ്യാറായില്ല. അനൂകൂല നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ അലീന കടുംകൈ ചെയ്യില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. താമരശ്ശേരി രൂപത കോർപറ്റേ് മാനേജ്മെന്റിന്റെ വീഴ്ചയാണ് ആത്മഹത്യക്ക് കാരണമെന്നും ബെന്നി ആരോപിച്ചു.