വിദ്വേഷ പരാമർശ കേസ്: പിസി ജോർജ് ഇന്ന് പോലീസിന് മുമ്പാകെ ഹാജരാകും

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി ജോർജ് ഇന്ന് പോലീസിന് മുൻപാകെ ഹാജരാകും. 11 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലോ, പാലാ ഡിവൈഎസ്പിക്ക് മുമ്പാകെയോ ഹാജരാകാൻ ആണ് നീക്കം. ഹാജരാക്കുകയാണെങ്കിൽ പി.സി ജോർജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും.
ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ പിസി ജോർജിന്റെ വീട്ടിൽ എത്തിയെങ്കിലും പി.സി ജോർജ് ഇല്ലാത്തതിനാൽ പോലീസ് മടങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച ഹാജരാകാം എന്ന് കാണിച്ച് പി.സി ജോർജ് കത്ത് നൽകിയത്. പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് മകൻ ഷോൺ ജോർജും അറിയിച്ചിരുന്നു.
പി സി ജോർജിന്റെ മുൻകൂർ ജാമ്യം അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈരാറ്റുപേട്ട പോലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അബദ്ധത്തിൽ ആണ് വിദ്വേഷ പരാമർശം നടത്തിയതെന്നായിരുന്നു പിസി ജോർജിന്റെ വാദം