Kerala
കുന്നംകുളത്ത് ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു; മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്

കുന്നംകുളം മരത്തംകോട് വയോധികയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. കോത്തോളിക്കുന്ന് സ്വദേശി തറമേൽഞാലിൽ വീട്ടിൽ ഹരിദാസാണ്(48)പിടിയിലായത്. കുന്നംകുളം പോലീസാണ് പ്രതിയെ പിടികൂടിയത്.
മരത്തംകോട് എകെജി നഗറിലാണ് ബൈക്കിലെത്തിയ പ്രതി വയോധികയുടെ മാല പൊട്ടിച്ച് കടന്നത്. എകെജി നഗർ സ്വദേശിനി 73കാരി രമണിയുടെ മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് പ്രതി മോഷ്ടിച്ചത്.
വീടിന് മുന്നിൽ നിൽക്കുകയായിരുന്ന രമണിയുടെ അടുത്തേക്ക് പ്രതി ബൈക്കിൽ വരികയും മാല പൊട്ടിച്ച് കടക്കുകയുമായിരുന്നു. പരാതി കിട്ടിയതിനെ തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.