സ്‌നേഹം പങ്കിടാൻ കേക്കുമായി വരുമ്പോൾ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം തനിക്കില്ല: എം കെ വർഗീസ്

സിപിഐ നേതാവ് വിഎസ് സുനിൽകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് തൃശ്ശൂർ മേയർ എംകെ വർഗീസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് സ്വീകരിച്ചതിനെ കുറിച്ച് വാർത്താ സമ്മേളനത്തിൽ മേയർ വിശദീകരിച്ചു. ബിജെപിക്കാർ തന്നെ വിളിച്ചിട്ടോ അനുവാദം ചോദിച്ചിട്ടോ അല്ല വന്നത്. ക്രിസ്മസ്ദിവസമാണ് വന്നത്. ക്രിസ്മസിന് എല്ലാവരും പരസ്പരം സ്‌നേഹം പങ്കിടാറുണ്ട്
ഇത്തരത്തിൽ സ്‌നേഹം പങ്കിടാൻ ഒരു കേക്കുമായി എന്റെ വീട്ടിലേക്ക് വരുമ്പോൾ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം തനിക്കില്ല. നാല് വർഷമായി എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുടെയും ഓഫീസിൽ ഞാൻ കേക്ക് എത്തിക്കാറുണ്ട്. സർക്കാർ സ്ഥാപനങ്ങളിലും എത്തിക്കും.
സുനിൽകുമാർ എംപി ആണെന്ന് കരുതുക, ബിജെപി ഒരു കേക്ക് കൊടുത്താൽ അദ്ദേഹം വാങ്ങില്ലേ എന്നും എംകെ വർഗീസ് ചോദിച്ചു. കേക്ക് വാങ്ങി എന്നതിന്റെ പേരിൽ ആ പ്രസ്ഥാനത്തിനൊപ്പം പോയി എന്നതാണോ. ഇടതുപക്ഷത്തിന്റെ ചട്ടക്കൂടിൽ ഒരുമിച്ച് വളരെ സൗദഹപരമായി ഇവിടുത്തെ പുരോഗതിക്ക് വേണ്ടി മാത്രം മുന്നോട്ട് പോകുന്ന മേയറാണ് ഞാൻ. അതിനെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നത് തെറ്റാണ്. കാരണം ഇടതുപക്ഷത്ത് നിലനിൽക്കുന്ന ഒരാളാണത് പറയുന്നതെന്നും മേയർ പറഞ്ഞു.