പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്ക്; സ്ഥാനമാറ്റമുണ്ടാകുമോയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് സുരേന്ദ്രൻ
ബിജെപിക്ക് പാലക്കാട് അടിസ്ഥാന വോട്ടുകൾ നിലനിർത്താൻ സാധിച്ചില്ലെന്ന് സമ്മതിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാലക്കാട് വോട്ട് ശതമാനം ഉയർത്താൻ ബിജെപിക്ക് സാധിച്ചില്ല. ഇതിൽ ശരിയായ വിലയിരുത്തൽ നടത്തും. ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു
കഴിഞ്ഞ തവണ ഇ ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് നല്ല നിലയിൽ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകൾ സമാഹരിക്കാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ലെന്നത് വസ്തുതയാണ്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാർഥിയെ നിശ്ചയിച്ചത്
സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാർഥി നിർണയത്തിന്റെ ചുമതല. മോദിയും അമിത് ഷായും അടങ്ങുന്ന പാർലമെന്ററി ബോർഡ് അംഗീകാരം നൽകിയ ആളെയാണ് പാലക്കാട് സ്ഥാനാർഥിയാക്കിയത്. മത്സരിപ്പിക്കരുതെന്ന് കൃഷ്ണകുമാറിനും നിലപാടുണ്ടായിരുന്നു.
പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാളാണ് താൻ. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്ക് തന്നെയാണ്. സ്ഥാനമാറ്റം വ്യക്തിപരമല്ല. പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. അത് അനുസരിക്കും. എന്റെ പ്രവർത്തനത്തിൽ വീഴ്ചകളുണ്ടെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടണമെന്നും സുരേന്ദ്രൻ പറഞ്ഞു.