മെസിയും റൊണാൾഡൊയുമല്ല, ഫുട്ബോളിലെ ഒരേയൊരു രാജാവ് അദ്ദേഹമാണ്: നെയ്മർ

ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരമാരാണെന്ന് ഫുട്ബോൾ ലോകത്ത് എല്ലാ കാലത്തും സജീവമായി നിലനിൽക്കുന്ന ചർച്ചാ വിഷയമാണ്.
ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോയെയും മെസിയെയും മറികടന്നുകൊണ്ട് ബ്രസീൽ ഇതിഹാസം പേലെയാണ് നെയ്മർ തെരഞ്ഞെടുത്തത്. ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെയ്മർ. പെലെയെ ഒരേയൊരു കിങ് എന്നാണ് നെയ്മർ വിശേഷിപ്പിച്ചത്.
‘എനിക്ക് ഫുട്ബോളിലെ രാജാവാകാൻ ആഗ്രഹമില്ലായിരുന്നു എന്നല്ല ഫുട്ബോളിൽ എനിക്ക് ഒരേയൊരു രാജാവേയുള്ളൂ അത് പെലെയാണ്. ഫുട്ബോളിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. നിരവധി പരുക്കുകൾ എന്റെ കരിയറിൽ സംഭവിച്ചു. ഇത് എനിക്ക് വലിയ നഷ്ടങ്ങളാണ് നൽകിയത്. എന്റെ ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഞാൻ സ്വപ്നം കണ്ട കാര്യങ്ങളെല്ലാം ഞാൻ നേടിയിട്ടുണ്ട്. മാത്രമല്ല ഞാൻ സ്വപ്നങ്ങൾ കാണാത്ത പല കാര്യങ്ങളും എന്റെയും എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ജീവിതം മാറ്റിയതിൽ ഞാൻ എപ്പോഴും ദൈവത്തോട് നന്ദിയുള്ളവനാണ്,’ നെയ്മർ പറഞ്ഞു.
നിലവിൽ ബ്രസീലിയൻ ക്ലബ് സാന്റോസിന്റെ താരമാണ് നെയ്മർ. അടുത്തിടെ ബ്രസീൽ ക്ലബിന് വേണ്ടി നെയ്മർ ഒരു തകർപ്പൻ ഗോൾ നേടിയിരുന്നു. ഇന്റർ ഡിലിമേക്കെതിരായ മത്സരത്തിൽ കോർണർ കിക്കിൽ നിന്നും നേരിട്ട് എതിരാളികളുടെ പോസ്റ്റിൽ പന്തെത്തിച്ചു കൊണ്ടാണ് നെയ്മർ അത്ഭുത ഗോൾ നേടിയത്. സഊദി ക്ലബായ അൽ ഹിലാലിൽ നിന്നാണ് നെയ്മർ തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയത്. സാൻ്റോസിൽ വീണ്ടും എത്തുന്നതിന് മുന്നോടിയായി 225 മത്സരങ്ങളിൽ നിന്നും 136 ഗോളുകളും 64 അസിസ്റ്റുകളും ആണ് നെയ്മർ നേടിയിരുന്നത്.
അതേസമയം പരുക്ക് വില്ലനായി എത്തിയതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്.