ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടി; ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്
തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി.
നിലവിൽ മന്ത്രി നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. മന്ത്രിക്ക് വിശ്രമം ആവശ്യമാണെന്നും, ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും സൂചനയുണ്ട്.
മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിവരങ്ങൾ തിരക്കി. മറ്റ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മന്ത്രിക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.