National
ഡൽഹിയിൽ കനത്ത മഴ: വീടിന് മുകളിൽ മരം വീണ് മൂന്ന് കുട്ടികളടക്കം നാല് പേർ മരിച്ചു

ഡൽഹിയിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് ദ്വാരക ഖർഖാരി കനാലിൽ നാല് പേർ മരിച്ചു. ജ്യോതി എന്ന യുവതിയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭർത്താവ് അജയ് പരുക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെയാണ് ഡൽഹിയിൽ മഴ പെയ്തത്. കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിൽ ശക്തമായ ഇടിമിന്നലിനും 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ശക്തമായ കാറ്റും ഇടിമിന്നലും കാരണം നാൽപതിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും 100ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. യാത്രക്കാർ വിമാനങ്ങളുടെ അപ്‌ഡേറ്റുകൾക്കായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് ഇന്ദിരാഗാന്ധി എയർപോർട്ട് അധികൃതർ അറിയിച്ചു.