National

കനത്ത മഴ; ഡൽഹിയിൽ റെഡ് അലേർട്ട്, സാധാരണ ജനജീവിതം സ്തംഭിച്ചു

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ ഇടതടവില്ലാതെ പെയ്യുന്ന മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു.

 

മണിക്കൂറിൽ 50-70 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ മഴയുടെ ശക്തി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാന സർവീസുകളെയും ബാധിച്ചു. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.

തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ 27-ഓടെയാണ് ഡൽഹിയിലെത്തുന്നത്. എന്നാൽ, ഇത്തവണ പതിവിലും വേഗത്തിൽ മൺസൂൺ എത്തിയതാണ് കനത്ത മഴയ്ക്ക് കാരണമായതെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.

Related Articles

Back to top button
error: Content is protected !!