സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് രമൺപ്രീത് കൗർ നടനെ അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നൽകിയ പത്ത് ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് നടനെതിരെ നടപടി.
റിജിക കോയിൽ ഇടപാടിൽ നിക്ഷേപിച്ചാൽ ലാഭ കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കേസിലെ മുഖ്യപ്രതിയായ മോഹിത് ശുക്ല പണം തട്ടിയെന്നാണ് രാജേഷ് ഖന്നയുടെ ആരോപണം. കേസിൽ മൊഴി നൽകാൻ സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും ഇതിനായി അയച്ച സമൻസ് താരം കൈപ്പറ്റിയിരുന്നില്ല.
ഇതേ തുടർന്നാണ് സോനുവിനെ അറസ്റ്റ് ചെയ്യാൻ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ലുധിയാന കോടതി ഉത്തരവിട്ടത്. ഫെബ്രുവരി പത്തിന് കേസ് പരിഗണിക്കുമ്പോൾ നടനെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.