ഹേമ കമ്മിറ്റി: സജിമോൻ പാറയിൽ അന്വേഷണത്തെ എതിർക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സുപ്രീം കോടതിയിൽ എതിർത്ത് സംസ്ഥാന സർക്കാരും വനിതാ കമ്മീഷനും. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണമെന്നും സ്ത്രീകൾക്ക് സിനിമാ രംഗത്ത് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സർക്കാർ വാദിച്ചു. സജി മോൻ പാറയിലാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്
ഹർജി തള്ളണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് അന്വേഷണം നടക്കുന്നതെന്നും വനിതാ കമ്മീഷൻ പറഞ്ഞു. കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാൽ കേസെടുക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ തെളിവുകൾ ഇല്ലെങ്കിൽ കേസെടുക്കാൻ നിർദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു
എന്തിനാണ് സജി മോൻ പാറയിൽ അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമാ നിർമാതാവായ തനിക്കെതിരെ പോലും ഈ മൊഴികൾ ഉപയോഗിക്കാനാകുമെന്ന് സജിമോൻ പാറയിൽ പറഞ്ഞു. എന്നാൽ സജിമോന് പിന്നിൽ സിനിമാ രംഗത്തെ ചില വ്യക്തികളാണെന്ന് ഡബ്ല്യുസിസി ആരോപിച്ചു.