ബന്ധുവായി ആകെയുണ്ടായിരുന്ന സഹോദരനും മരിച്ചു; മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു
തിരുവനന്തപുരം വക്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാനായ വെളിവിളാകം ബി എസ് നിവാസിൽ രാഹുലാണ്(24) മരിച്ചത്. രാഹുലിന് ആകെയുണ്ടായിരുന്ന സഹോദരൻ മൂന്ന് മാസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു രാഹുൽ എന്ന് സുഹൃത്തുക്കളും പോലീസും അറിയിച്ചു
ഇരുവരെയും ചെറുപ്പത്തിൽ മാതാപിതാക്കൾ ഉപേക്ഷിച്ചതാണ്. ബന്ധുക്കളാണ് ഇരുവരെയും വളർത്തിയത്. വക്കം പണ്ടാരത്തോപ്പിന് സമീപം ഇന്നലെ തൂങ്ങിമരിച്ച നിലയിലാണ് രാഹുലിനെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു.
മരിക്കുന്നതിന് മുമ്പ് സുഹൃത്തുക്കളെ രാഹുൽ വിളിച്ചിരുന്നു. തനിക്ക് ഇനി ആരുമില്ലെന്നും സഹോദരനൊപ്പം പോകുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു. പിന്നാലെ ഫോൺ കട്ട് ചെയ്തു. സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.