എച്ച്എംപിവി വൈറസ്: ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏത് സാഹചര്യം നേരിടാനും തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എച്ച്എംപിവി രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികൾക്കും അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ല. ഇന്ത്യയിലടക്കം മിക്ക രാജ്യങ്ങളിലും നേരത്തെ തന്നെ എച്ച്എംപിവി വൈറസ് നിലവിലുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
നിലവിൽ സ്ഥിരീകരിച്ച രണ്ട് കേസും ചൈനയിൽ നിന്നുള്ള വകഭേദമാണോയെന്നതിൽ വ്യക്തതയില്ല. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനക്ക് ശേഷമേ ഇത് വ്യക്തമാകൂ. ബംഗളൂരുവിലെ എട്ട് മാസവും മൂന്ന് മാസവും പ്രായമുള്ള കുട്ടികൾക്കാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്.
അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചത്. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്നവരെ എച്ച്എംപിവി ടെസ്റ്റ് നടത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും കർണാടക ആരോഗ്യമന്ത്രാലയം അറിയിച്ചു.