Kerala

കുണ്ടറയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ, പിതാവിന് ഗുരുതര പരുക്ക്; ലഹരിക്കടിമയായ മകനായി തെരച്ചിൽ

കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീടിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ പിതാവിനെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലും കണ്ടെത്തി. സെന്റ് ജോസഫ് പള്ളിക്ക് സമീപം പുഷ്പവിലാസത്തിൽ പുഷ്പലതയാണ് മരിച്ചത്. ഇവരുടെ പിതാവ് ആന്റണിയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഭവവുമായി ബന്ധപ്പെട്ട് പുഷ്പലതയുടെ മകൻ അഖിലിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് വീടിനുള്ളിൽ ഇരുവരെയും പരുക്കേറ്റ നിലയിൽ കണ്ടത്. പുഷ്പലതയുടെ മകൾ അഖില സംസ്ഥാനത്തിന് പുറത്താണ് പഠിക്കുന്നത്. മകൾ നിരവധി തവണ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെയാണ് സമീപത്തുള്ള ബന്ധുവിനെ വിളിച്ച് വീട്ടിൽ ചെന്ന് അന്വേഷിക്കാൻ പറഞ്ഞത്

പുഷ്പലതയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. തലയ്ക്ക് മുറിവേറ്റ് ചോര വാർന്ന് കിടക്കുകയായിരുന്നു ആന്റണി. ലഹരിക്ക് അടിമയായ അഖിൽ വീട്ടുകാരെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. മകന്റെ ആക്രമണത്തിൽ സഹികെട്ട് ഇവർ വെള്ളിയാഴ്ചയും പോലീസിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു.

Related Articles

Back to top button