ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് എത്ര രാജ്യങ്ങളിൽ വിസയില്ലാതെ പോകാം?
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അനുമതിയുള്ളത് 58 രാജ്യങ്ങളിലേക്കാണ്. വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ സൂചികയിൽ പക്ഷേ ഇന്ത്യയുടെ സ്ഥാനം 83 മാത്രം. മൗറിറ്റാനിയ, സെനഗല്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ എണ്‍പത്തിമൂന്നാം സ്ഥാനം പങ്കുവയ്ക്കുന്നത്
ഒന്നാമത് സിംഗപ്പുർ
ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്തുള്ളത് സിംഗപ്പുർ പാസ്പോർട്ടാണ്. ആ രാജ്യത്ത് പൗരത്വമുള്ളവർക്ക് 195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും!
ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസിലെ പാസ്‌പോര്‍ട്ട് ഈ സൂചികയിലെ ആദ്യ അഞ്ചില്‍ പോലും ഇല്ല എന്നതാണ് വസ്തുത.
രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് അഞ്ച് രാജ്യങ്ങളുടെ പാസ്പോർട്ടുകളാണ്- ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉള്ളവർക്ക് 192 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര അനുവദനീയമാണ്.
ആദ്യ പത്തിൽ ഏഷ്യൻ രാജ്യങ്ങൾ രണ്ട്
മൂന്നാം സ്ഥാനത്ത് എട്ട് രാജ്യങ്ങളുണ്ട്- ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍. ഇവിടങ്ങളിലെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 191 രാജ്യങ്ങളിലേക്കാണ് വിസരഹിത യാത്ര അനുവദിച്ചിട്ടുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ജപ്പാനും മൂന്നാമതുള്ള ദക്ഷിണ കൊറിയയും മാത്രമാണ് ആദ്യ പത്തിലുള്ള ഏഷ്യൻ രാജ്യങ്ങൾ.
നാലാം സ്ഥാനത്തുള്ള ബെല്‍ജിയം, ന്യൂസിലന്‍ഡ്, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് 190 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ പാസ്‌പോര്‍ട്ടുകൾ അഞ്ചാം സ്ഥാനം പങ്കുവയ്ക്കുന്നു. ഈ പാസ്പോർട്ട് ഉള്ളവർക്ക് 189 രാജ്യങ്ങളിൽ പോകാൻ വിസ വേണ്ട.
ആറാം സ്ഥാനത്ത് ഗ്രീസും പോളണ്ടും- 188 രാജ്യങ്ങളിൽ വിസയില്ലാതെ പോകാം.
ഏഴാം സ്ഥാനത്ത് ക്യാനഡ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, മാള്‍ട്ട. 187 രാജ്യങ്ങളിലേക്കാണ് വിസരഹിത യാത്ര അനുവദിച്ചിട്ടുള്ളത്.
യുഎസിന് എട്ടാം റാങ്ക് മാത്രം
ഇതെല്ലാം കഴിഞ്ഞ് എട്ടാം സ്ഥാനത്താണ് യുഎസ് പാസ്പോർട്ടിന്‍റെ സ്ഥാനം. ഇതിന്‍റെ ഉടമകൾക്ക് വിസയില്ലാതെ പോകാന്‍ സാധിക്കുന്നത് 186 രാജ്യങ്ങളിലേക്കാണ്.
ഒമ്പതാം സ്ഥാനത്ത് എസ്റ്റോണിയ, ലിത്വാനിയ, യുഎഇ- 185 രാജ്യങ്ങളില്‍ വിസയില്ലാതെ പോകാം.
ഐസ്‌ലാന്‍ഡ്, ലാത്വിയ, സ്ലോവാക്യ, സ്ലോവേനിയ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെടുന്നതാണ് ആദ്യ പത്ത് സ്ഥാനങ്ങൾ. ഈ നാല് രാജ്യങ്ങളില്‍ ഏതിന്‍റെയെങ്കിലും പാസ്‌പോര്‍ട്ടുള്ളവർക്ക് 184 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര അനുവദനീയമാണ്.