ബോസ്റ്റണിലെ അതിസമ്പന്ന കുടുംബത്തിലെ എച്ച്ആർ എക്സിക്യൂട്ടീവ് വിവാഹേതര ബന്ധ വിവാദത്തിൽ

ബോസ്റ്റൺ: പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ആസ്ട്രോണമറിലെ എച്ച്ആർ എക്സിക്യൂട്ടീവായ ക്രിസ്റ്റിൻ കാബോട്ട്, വിവാഹേതര ബന്ധം ആരോപിച്ചുള്ള വിവാദത്തിൽ കുടുങ്ങിയതോടെ, അവർ ബോസ്റ്റണിലെ ഏറ്റവും പഴക്കമുള്ളതും സമ്പന്നവുമായ ഒരു കുടുംബത്തിലെ അംഗമാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നു. കോൾഡ്പ്ലേയുടെ സംഗീത പരിപാടിക്കിടെ ‘കിസ് കാമി’ൽ കമ്പനി സിഇഒ ആൻഡി ബൈറോണുമായി അടുത്തിടപഴകുന്നത് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായതോടെ, ആൻഡി ബൈറോൺ കമ്പനി സിഇഒ സ്ഥാനം രാജിവെക്കുകയും അദ്ദേഹത്തിന്റെ ഭാര്യ സമൂഹമാധ്യമങ്ങളിൽ നിന്ന് ബൈറോൺ എന്ന കുടുംബപ്പേര് ഒഴിവാക്കുകയും ചെയ്തിരുന്നു. ക്രിസ്റ്റിൻ കാബോട്ട്, ‘പ്രൈവറ്റിയർ റം’ ഉടമയായ ആൻഡ്രൂ കാബോട്ടിന്റെ ഭാര്യയാണെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. ആൻഡ്രൂ കാബോട്ട്, ബോസ്റ്റണിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ കാബോട്ട് കുടുംബത്തിലെ ആറാം തലമുറയിലെ അംഗമാണ്.
കാബോട്ട് കുടുംബം ന്യൂ ഇംഗ്ലണ്ടിലെ സമ്പന്നരായ ‘ബോസ്റ്റൺ ബ്രാഹ്മിൺ’ വിഭാഗത്തിൽപ്പെട്ടവരാണ്. തലമുറകളായി അവർക്ക് വൻതോതിലുള്ള സ്വത്തുണ്ടായിരുന്നു. ‘കാബോട്ടുകൾക്ക് ദൈവത്തോട് മാത്രമേ സംസാരിക്കാൻ കഴിയൂ’ എന്ന് ബോസ്റ്റണിൽ ഒരു ചൊല്ലു തന്നെയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ കുടുംബത്തിന്റെ ഭാഗമായ ക്രിസ്റ്റിൻ കാബോട്ടിന്റെ വിവാഹേതര ബന്ധ വിവാദം ബോസ്റ്റൺ എലൈറ്റ് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏഴ് മാസമായി ക്രിസ്റ്റിൻ ആസ്ട്രോണമറിൽ ചീഫ് പീപ്പിൾ ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനുമുമ്പ് 2020 മുതൽ പ്രൈവറ്റിയർ റമ്മിലെ ഉപദേശക സമിതി അംഗവുമായിരുന്നു. 2022-ൽ ക്രിസ്റ്റിൻ തന്റെ മുൻ വിവാഹബന്ധം വേർപെടുത്തിയിരുന്നു.