
മിസോറി (യുഎസ്): അമേരിക്കയുടെ വിവിധ ഭാഗങ്ങിൽ ശക്തമായ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ശക്തമായ ചുഴലിക്കാറ്റിൽ 26 പേർ മരിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ടെക്‌സാസിലെ പാൻഹാൻഡിലിൽ ഉണ്ടായ പൊടിക്കാറ്റ് മൂലം വാഹനാപകട മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചുഴലിക്കാറ്റ് വീശിയടിച്ച അർക്കൻസാസ്, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മിസോറിയിലാണ് ഏറ്റവും കൂടുതൽ മരണവും നാശനഷ്‌ടങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. 50 വാഹനങ്ങളാണ് പ്രദേശത്ത് അപകടത്തിൽപ്പെട്ടത്. മിസോറിയിൽ 12 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഷെർമൻ കൗണ്ടിയിൽ ഉണ്ടായ പൊടിക്കാറ്റിൽ എട്ട് പേർ മരിച്ചതായാണ് ഹൈവേ പട്രോൾ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ചില ഭാഗങ്ങളിൽ കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും അധികൃതർ ജാഗ്രതാ നിർദേശം നൽകി.
അമേരിക്കയിലെ മിസോറി, അർക്കൻസാസ്, ടെക്‌സാസ്, ഒക്‌ലഹാമ എന്നീ നഗരങ്ങളിൽ നിരവധി നാശനഷ്‌ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. വരും മണിക്കൂറുകളിൽ കനേഡിയൻ അതിർത്തി മുതൽ ടെക്‌സാസ് വരെ മണിക്കൂറിൽ 80 മൈൽ (130 കിലോമീറ്റർ) വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.