Kerala
ഭർത്താവ് കഞ്ചാവുമായി എക്‌സൈസ് പിടിയിൽ; പിന്നാലെ ഭാര്യയും കഞ്ചാവുമായി പിടിയിലായി

വടകരയിൽ എക്‌സൈസ് സംഘം കഞ്ചാവുമായി ഭർത്താവിനെ പിടികൂടിയതിന് പിന്നാലെ ഭാര്യയും കഞ്ചാവുമായി പിടിയിൽ. വല്യാപ്പള്ളി മയ്യന്നൂർ സ്വദേശി പാറക്കൽ കരീം(55), ഭാര്യ റുഖിയ(45) എന്നിവരെയാണ് വടകര എക്‌സൈസ് ഇൻസ്‌പെക്ടർ പിഎം ഷൈലേഷ് കുമാർ അറസ്റ്റ് ചെയ്തത്.
വടകര പഴങ്കാവ് റോഡിൽ വെച്ചാണ് അബ്ദുൽ കരീമിനെ 10 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് ഇയാളുടെ വീട്ടിലും പരിശോധന നടത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന റുഖിയയുടെ പക്കൽ നിന്ന് 15 ഗ്രാം കഞ്ചാവും പിടികൂടി.
കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും ഇവരിൽ നിന്ന് കണ്ടെത്തി. വാഹനമോഷണം അടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് കരീം.