ചെവിയിലേക്ക് കീടനാശിനി ഒഴിച്ച് ഭർത്താവിനെ കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ

ഹൈദരാബാദ്: ചെവിയിലേക്ക് കീടനാശിനി ഒഴിച്ച് ഭർത്താവിനെ കൊന്ന കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ സമ്പത്തിനെ കൊന്ന കേസിൽ ഭാര്യ രമാദേവിയും കാമുകൻ കാറെ രാജയ്യയും രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസുമാണ് അറസ്റ്റിലായിരിക്കുന്നത്. യൂട്യൂബിലൂടെയാണ് കൊലപാതകത്തിനുള്ള മാർഗം കണ്ടെത്തിയതെന്ന് രമാദേവി വെളിപ്പെടുത്തി. സമ്പത്ത് പ്രാദേശിക ലൈബ്രറിയിലെ സ്വീപ്പർ ആയിരുന്നു. മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിടുന്നതും പതിവായിരുന്നു. ചെറുകടികൾ വിറ്റഴിച്ചാണ് രമാദേവി കുട്ടികളെ വളർത്തിയിരുന്നത്. കച്ചവടവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട 50 വയസുള്ള കാറെ രാജയ്യയുമായി രമാദേവി പ്രണയത്തിലായി. അതോടെയാണ് ഭർത്താവിനെ കൊല്ലാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
യൂട്യൂബിൽ നിന്നാണ് കീടനാശിനി ചെവിയിൽ ഒഴിച്ചാൽ മരിക്കുമെന്ന വിവരം രമാദേവി കണ്ടെത്തിയത്. ഇക്കാര്യം രാജയ്യയോട് പറഞ്ഞ് കൊലപാതകം ആസൂത്രണം ചെയ്തതും രമാദേവി ആയിരുന്നു. സംഭവ ദിവസം രാത്രി രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസനും ചേർന്ന് സമ്പത്തിനെ ബൊമ്മകൽ ഫ്ലൈ ഓവറിന് താഴെ വിളിച്ചു വരുത്തി മദ്യപിച്ചു. ലഹരിയിൽ സമ്പത്ത് താഴെ വീണതോടെ രാജയ്യയാണ് ചെവിയിലൂടെ കീടനാശിനി ഒഴിച്ചത്. അധികം വൈകാതെ സമ്പത്ത് മരിച്ചു. തൊട്ടു പിന്നാലെ ഇക്കാര്യം രമാദേവിയെ വിളിച്ചറിയിച്ചു.
പിറ്റേ ദിവസം ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് രമാദേവി പൊലീസിൽ പരാതി നൽകി. ഓഗസ്റ്റ് 1ന് പൊലീസ് സമ്പത്തിന്‍റെ മൃതദേഹം കണ്ടെത്തി. ഭർത്താവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് രമാദേവി ആവശ്യപ്പെട്ടതോടെയാണ് പൊലീസിന് സംശയമുണ്ടായത്. സമ്പത്തിന്‍റെ മകനും മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. തുടർന്നു ഫോൺകോളുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.