മതം നോക്കി കൊല്ലാന്‍ വന്നവര്‍ക്ക് മുന്നില്‍ മനുഷ്യനാണ് വലുതെന്ന് തെളിയിച്ചയാള്‍; നോവായി ഹുസൈന്‍ ഷാ

മതം ചോദിച്ചായിരുന്നു അവരുടെ വരവ്. മുന്നിലുള്ളത് മുസ്ലിം മതവിശ്വാസികളാണോ എന്ന് മാത്രമായിരുന്നു അവര്‍ക്ക് അറിയേണ്ടതും. മുസ്ലീമുകള്‍ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നു മതവെറി പൂണ്ട ആ ചെകുത്താന്‍മാരുടെ ലക്ഷ്യമെന്ന് വെളിപ്പെടുത്തിയത് നടുക്കുന്ന ദുരന്തങ്ങള്‍ നേരിട്ട് കണ്ട ദൃക്‌സാക്ഷികളാണ്. മതവെറി മനുഷ്യരെ എങ്ങനെ മനോവൈകൃതമുള്ളവരാക്കുന്നുവെന്ന് വ്യക്തമാക്കുന്ന, ഏറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് കൊന്നൊടുക്കിയ 28 പേരില്‍ 27ഉം അമുസ്ലിമുകളാണ്. ഒരാള്‍ ഒഴികെ. അയാളാണ് സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ.
മതം നോക്കി കൊല്ലാന്‍ വന്നവര്‍ക്ക് മുന്നില്‍ മനുഷ്യനാണ് വലുതെന്ന് തെളിയിച്ചവന്‍. മതസൗഹാര്‍ദ്ദത്തില്‍ വേരൂന്നിയതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും, അത് അങ്ങനെയൊന്നും നശിപ്പിക്കാന്‍ ‘ക്വട്ടേഷന്‍’ എടുത്ത ഒരു തീവ്രശക്തികള്‍ക്കും സാധിക്കില്ലെന്നും തെളിയിച്ച പഹല്‍ഗാമിലെ ഒരു കുതിരസവാരിക്കാരന്‍. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയ പോരാടിയ ഈ 28കാരന് മുന്നില്‍ നിറമിഴികള്‍ പൊഴിക്കുകയാണ് ഇന്ന് ഒരു രാജ്യം
ബൈസാരനിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് എത്തിക്കുകയായിരുന്നു ഹുസൈന്‍ ഷാ. ആ സമയത്താണ് അപ്രതീക്ഷിതമായ ആക്രമണം അദ്ദേഹത്തിന്റെ കണ്‍മുന്നില്‍ അരങ്ങേറുന്നത്. സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ ഈ യുവാവിന് മുന്നില്‍ സമയവും സാധ്യതകളുമുണ്ടായിരുന്നു. എന്നാല്‍, പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ആ പുല്‍മേട്ടിലേക്ക് താനെത്തിച്ച വിനോദസഞ്ചാരികളെ ഉപേക്ഷിച്ച് മടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല.
തീവ്രവാദികളില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി മറ്റുള്ളവരെ രക്ഷപ്പെടുത്താനായിരുന്നു സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ ശ്രമം. പക്ഷേ, അദ്ദേഹത്തിന് അത് സാധിച്ചില്ല. തീവ്രവാദികളുടെ വെടിയേറ്റ് ആ യുവാവ് അവിടെ പിടഞ്ഞുവീണ് മരിച്ചു. മനോധൈര്യത്തിന്റെ അടയാളപ്പെടുത്തലായി മാത്രമല്ല, മനുഷ്യത്വത്തിന്റെ പ്രതീകവുമായാണ് രാജ്യം സയ്യിദ് ആദില്‍ ഹുസൈന്‍ ഷായെ അനുസ്മരിക്കുന്നത്.
കുടുംബത്തിന്റെ ഏക അത്താണി
https://x.com/kashmiroutlook1/status/1914956750056259932
സയ്യിദ് ആദില്‍ ഹുസൈന്‍ ഷായായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. മകന്റെ മരണത്തില്‍ ആര്‍ത്തലച്ചുള്ള അദ്ദേഹത്തിന്റെ അമ്മയുടെ വിലാപം കണ്ടുനിന്നവര്‍ക്കും നോവായി മാറി. അവനില്ലാതെ ഇനി എന്തു ചെയ്യുമെന്ന് അറിയില്ല. നീതി വേണം. ഇതിന് ഉത്തരവാദികളായവര്‍ അനുഭവിക്കണം, തീരാവേദനകള്‍ക്കിടയില്‍ ആ അമ്മ പറഞ്ഞു