ജീവിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ; ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്‌നയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കോഴിക്കോട് പൂനൂരിൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു. ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും മനസ്സമാധാനമില്ലാത്തതിനാൽ അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പിലെ പരാമർശം. സംഭവത്തിൽ ജിസ്‌നയുടെ ഭർതൃവീട്ടുകാരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
ചൊവ്വാഴ്ചയാണ് പൂനൂരിലെ ഭർതൃവീട്ടിൽ ജിസ്‌നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ ജിസ്‌നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ഭർത്താവ് ശ്രീജിത്ത് ജിസ്‌നയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
അന്വേഷണത്തിനിടെയാണ് ജിസ്‌നയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ മറ്റ് വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.