ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ; ഷെയ്ഖ് ഹസീന
ന്യൂഡല്‍ഹി: കൊല്ലപ്പെടുന്നതിന് മിനിറ്റുകള്‍ മാത്രം മുമ്പാണ് താന്‍ ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. താനും സഹോദരിയും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയെന്ന് വിവരിച്ചുകൊണ്ട് ഷെയ്ഖ് ഹസീനയുടെ ശബ്ദരേഖ അവരുടെ പാര്‍ട്ടിയായ അവാമി ലീഗാണ് പുറത്തുവിട്ടത്.
ഇന്ത്യയിലേക്ക് രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ താന്‍ ബംഗ്ലാദേശില്‍ വെച്ച് കൊല്ലപ്പെടുമായിരുന്നുവെന്ന് ഷെയ്ഖ് ഹസീന ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. തന്നെ കൊലപ്പെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയതായാണ് അവര്‍ പറയുന്നത്.
ഇരുപത് മിനിറ്റ് കൂടി ബംഗ്ലാദേശില്‍ നിന്നിരുന്നുവെങ്കില്‍ തങ്ങള്‍ കൊല്ലപ്പെടുമായിരുന്നു. അല്ലാഹുവിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
“മരണപ്പെടുന്നതിന് 20-25 മിനിറ്റ് മുമ്പാണ് ഞങ്ങള്‍ രക്ഷപ്പെടുന്നത്. ഓഗസ്റ്റ് 21 നടന്ന ആക്രമണത്തെ അതിജീവിച്ചു. പിന്നീടുണ്ടായ ബോംബ് ആക്രമണത്തെ തരണം ചെയ്യാനും ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെടാനും സാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അല്ലാഹുവിന്റെ ഹിതം, അല്ലാബുവിന്റെ കരം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഞാനിപ്പോള്‍ ജീവനോടെ ഉണ്ടായിരിക്കില്ല,” ഹസീന പറഞ്ഞു.
2004 ഓഗസ്റ്റ് 21ന് നടന്ന ഗ്രനേഡ് ആക്രമണത്തെ കുറിച്ചും ഹസീന സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്നത്തെ സംഭവത്തില്‍ 24 പേരെങ്കിലും കൊല്ലപ്പെട്ടു, എന്നാല്‍ പരിക്കുകളോടെ തനിക്ക് അതിജീവിക്കാനായി. 2000 ജൂലൈയില്‍ താന്‍ സന്ദര്‍ശനം നടത്താനിരുന്ന കോളേജില്‍ ബോംബുകള്‍ കണ്ടെത്തിയതിനെ കുറിച്ചും അവര്‍ പറഞ്ഞു. താന്‍ കഷ്ടപ്പെടുന്നു, തനിക്ക് നാടും വീടുമില്ല. എല്ലാം കത്തിനശിച്ചുവെന്നും മുന്‍ പ്രധാനമന്ത്രി പറയുന്നു.
അതേസമയം, 2024 ജനുവരി ഓഗസ്റ്റ് 5നാണ് സഹോദരി രഹനയ്ക്കൊപ്പം ഷെയ്ഖ് ഹസീന ധാക്കയിലെ വസതിയില്‍ നിന്നും പലായനം ചെയ്തത്. അന്ന് മുതല്‍ അവര്‍ ഡല്‍ഹിയിലാണ് താമസം. ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി അഭര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
2024 ഓഗസ്റ്റ് 5 വരെ ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നിരുന്നു. പിന്നീട് ജീവന് പോലും അപകടത്തിലായതോടെ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഹസീന വീടൊഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അക്രമികള്‍ അവരുടെ വസതി ആക്രമിച്ചിരുന്നു.
ഔദ്യോഗിക വസതി ഒഴിയുന്നതിന് സുരക്ഷാ സേന 45 മിനിറ്റ് സമയമായിരുന്നു ഷെയ്ഖ് ഹസീനയ്ക്ക് നല്‍കിയിരുന്നത്. വീടുവിട്ടിറങ്ങിയ അവര്‍ ആദ്യമെത്തിയത് തൊട്ടടുത്ത സൈനിക വ്യോമതാവളത്തിലേക്കാണ്. അവിടെ നിന്നും എയര്‍ഫോഴ്സ് വിമാനത്തില്‍ ഹസീന ഇന്ത്യയിലേക്കെത്തുകയായിരുന്നു.