ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണം; സുനിൽ ഗവാസ്കർ

ഇന്ത്യ – പാകിസ്താൻ ഉഭയകക്ഷി പരമ്പരകൾ നടക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണമെന്ന് സുനിൽ ഗവാസ്കർ. അതിർത്തിയിൽ കടന്നുകയറ്റം നടക്കുന്നത് കൊണ്ടാണ് ഇന്ത്യൻ സർക്കാർ ഉഭയകക്ഷി പരമ്പരകൾക്ക് സമ്മതിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു
ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണമെന്ന് മുൻ ദേശീയ താരം സുനിൽ ഗവാസ്കർ. അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുന്നിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ടെൻ സ്പോർട്സിൻ്റെ ഡ്രസിങ് റൂം എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു സുനിൽ ഗവാസ്കർ
അതിർത്തിയിൽ സമാധാനമുണ്ടെങ്കിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി പരമ്പര കളിക്കാം. അത് വളരെ ലളിതമാണ്. അതിർത്തിയിൽ സമാധാനമുണ്ടെങ്കിൽ രണ്ട് സർക്കാരും വിചാരിക്കും, ‘നോക്ക്, അതിർത്തിയിൽ ഇപ്പോൾ പ്രശ്നങ്ങളില്ല. നമുക്ക് ഇതേപ്പറ്റി ആലോചിക്കാം’ എന്ന്.’- ഗവാസ്കർ പ്രതികരിച്ചു
ചില ചർച്ചകളൊക്കെ നടക്കുന്നുണ്ടാവും. പക്ഷേ, ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും എന്താണ് നടക്കുന്നതെന്ന് പരിഗണിക്കണം. ഇപ്പോഴും കയ്യേറ്റം നടക്കുന്നുണ്ട്. അതുകൊണ്ടാണ് ‘കയ്യേറ്റം അവസാനിക്കുന്നത് വരെ ഇക്കാര്യം സംസാരിക്കേണ്ടതില്ല’ എന്ന് ഇന്ത്യൻ സർക്കാർ പറയുന്നത്.”- അദ്ദേഹം കൂട്ടിച്ചേർത്തു
ഇന്ത്യയും പാകിസ്താനും തമ്മിൽ അവസാനമായി ഒരു ഉഭയകക്ഷി പരമ്പര കളിച്ചത് 2012 – 2013 കാലയളവിലായിരുന്നു. ഈ സമയത്ത് പാകിസ്താൻ ടീം ഇന്ത്യയിൽ പര്യടനം നടത്തുകയായിരുന്നു. 2005- 2006 കാലയളവിലാണ് അവസാനമായി ഇന്ത്യ പാകിസ്താനിൽ കളിച്ചത്. ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ അറിയിച്ചതോടെ ഇന്ത്യയുടെ മത്സരത്തിൽ ദുബായിലാണ് നടക്കുന്നത്.