അനധികൃത കുടിയേറ്റം; എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ പാസാക്കി: രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ കർശനമായി നേരിടുമെന്ന് അമിത് ഷാ

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ – 2025 ലോക് സഭ ശബ്ദ വോട്ടോടെ പാസാക്കി. രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാക്കാൻ വരുന്നവരെയും, ലഹരി മരുന്നുമായി വരുന്നവരെയും കർശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യ സുരക്ഷയിൽ വിട്ടു വീഴ്ചയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ബംഗ്ലാദേശ് അതിർത്തിയിൽ വേലിക്ക് സ്ഥലം വിട്ടു നൽകാത്ത ബംഗാൾ സർക്കാരിനെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു.
ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് നിന്ന് പുറത്തു പോകുകയോ ചെയ്യുന്ന ആളുകളുടെയും വിദേശികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിന് ചില നിയന്ത്രണ അധികാരങ്ങള്‍ നല്‍കുന്നതാണ് ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍. രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയ വിദേശികളുടെ പേരുകൾ ഉൾപ്പെടുത്തിയ കരിമ്പട്ടികക്ക് നിയമസാധുത നൽകുന്നതാണ് ബില്ല്.
കുഴപ്പങ്ങൾ സൃഷ്ടിക്കാൻ വരുന്നവർ,അത് റോഹിംഗ്യകളായാലും ബംഗ്ലാദേശികളായാലും, കർശനമായ രീതിയിൽ കൈകാര്യം ചെയ്യുമെന്ന് ബില്ലിലെ ചർച്ചക്കുള്ള മറുപടിയിൽ അമിത് ഷാ പറഞ്ഞു. നുഴഞ്ഞു കയറ്റക്കാർക്ക് ആധാർ കാർഡും പൗരത്വവും നൽകുന്നത് ആരെന്ന് തൃണമൂൽ കോൺഗ്രസിനോട് ആഭ്യന്തര മന്ത്രി ചോദിച്ചു. 2026 ൽ തെരഞ്ഞെടുപ്പിൽ ബംഗാളിൽ താമര വിരിയും. അതോടെ എല്ലാം നിൽക്കുമെന്നും അമിത് ഷാ പറഞ്ഞു.
ബംഗ്ലാദേശ് അതിർത്തിയിൽ 450 കിലോമീറ്റർ ഇനിയും വേലികെട്ടാൻ കഴിയാത്തത് ബംഗാൾ സർക്കാർ ഭൂമി നൽകാത്തതിനാലാണെന്ന് അമിത് ഷാ പറഞ്ഞു. 10 തവണ കത്ത് അയച്ചിട്ടും ഭൂമി വിട്ടു നൽകിയില്ല. 10 തവണ ചീഫ് സെക്രട്ടറി യുമായി കൂടിക്കാഴ്ട നടത്തി. വേലി കെട്ടാൻ പോകുമ്പോൾ ടിഎംസി പ്രവർത്തകർ തടയുന്നു. പിടിക്കപ്പെട്ട നുഴഞ്ഞു കയറ്റക്കാർക്ക് മുഴുവൻ 24 പാർഗാന യിലെ ആധാർ കാർഡ് ആണ്. ആധാർ കാർഡുമായി അവർ ഡൽഹി വരെ എത്തുന്നുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. അതേസമയം അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ ബംഗാൾ സർക്കാർ സഹകരിക്കുന്നില്ലെന്ന അമിത് ഷായുടെ പ്രസ്താവന ടിഎംസി പ്രതിഷേധത്തിന് വഴിവെച്ചു.