Kerala

ശമ്പളവിതരണത്തിൽ കൃത്യതയില്ല; ചർച്ച പരാജയം: ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്

തിരുവനന്തപുരം: ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച്ച പണിമുടക്കിനൊരുങ്ങി കെഎസ്ആർടിസി. ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പണിമുടക്ക് നടത്തുന്നത്. തിങ്കളാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ശമ്പളവിതരണത്തിൽ പോലും തങ്ങൾക്ക് യാതൊരു ഉറപ്പുമില്ലെന്നു ഈ സാഹചര്യത്തിൽ പണിമുടക്കുക എന്നതാണ് ഏക മാർ​ഗമെന്നുമാണ് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും പറഞ്ഞത്. കഴിഞ്ഞ ഒരു വർഷം പോലും കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളമോ പെൻഷനോ നൽകിയിട്ടില്ല. നിലവിൽ ഡിഎ കുടിശ്ശിക 31 ശതമാനമാണ്. മറ്റൊരു പൊതുമേഖല സ്ഥാപനത്തിനും ഇത്രയധികം കുടിശ്ശിക ഉണ്ടാകില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക, ഡ്രൈവർമാരുടെ അലവൻസ്, പുതിയ ബസ്സുകൾ അനുവദിക്കുക, സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുമായി ഒന്നിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാർ പണിമുടക്കാൻ ഒരുങ്ങുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4000ത്തോളം പുതിയ ബസുകളാണ് നിരത്തിൽ ഇറക്കിയത്. എന്നാൽ എൽഡിഎഫ് സർക്കാറിൻ്റെ കാലത്ത് ഇതുവരെ ആകെ 101 ബസുകൾ മാത്രമാണ് ഇറക്കിയിട്ടുള്ളതെന്നും ജീവനക്കാർ ആരോപിച്ചു.

സ്വിഫ്റ്റിലേയും കെഎസ്ആർടിസിയിലേയും അഴിമതികൾ വിജിലൻസ് അന്വേഷിക്കണമെന്നും പണിമുടക്കുന്ന ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ കെഎസ്ആർടിസി ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിലേക്ക് പോകുന്നതെന്നും അതിനാൽ രാഷ്ട്രീയം നോക്കാതെ എല്ലാവരുടെയും പിന്തുണ വേണമെന്നും സംഘടന ഭാ​രവാഹികൾ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!