Kerala

റെയിൽവേ പാളത്തിൽ പോസ്റ്റിട്ട സംഭവം: അട്ടിമറി ശ്രമമെന്ന് പോലീസ് എഫ്ഐആർ

കൊല്ലം ചെങ്കോട്ട തീവണ്ടിപ്പാതയിൽ കുണ്ടറയ്ക്കും എഴുകോണിനുമിടയിൽ പാളത്തിന് കുറുകെ ടെലിഫോൺ‌ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ ട്രെയിൻ അട്ടിമറി ശ്രമമെന്ന് പോലീസ് എഫ് ഐ ആർ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് കൊണ്ട് ഇട്ടത് എന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

ഇളമ്പൂർ രാജേഷ് ഭവനിൽ‌ രാജേഷ് ( 39 ) പെരുമ്പുഴ പാലം പൊയ്ക ചൈതന്യയിൽ അരുൺ ( 33 ) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പാളത്തിൽ ആ​ദ്യം പോസ്റ്റ് കണ്ടത്. സംഭവം അറിഞ്ഞ് പോലീസ് എത്തി നീക്കം ചെയ്തു. രണ്ട് മണിക്കൂറിന് ശേഷം വീണ്ടും പാളത്തിൽ അതേയിടത്ത് പോസ്റ്റ് കണ്ടെത്തി.

പാലരുവി എക്സ്പ്രസ് കടന്നുപോകുന്നുതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു സംഭവം. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ രാജേഷും അരുണും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കുണ്ടറയിൽ എസ് ഐ യെ ആക്രമിച്ച കേസിലടക്കം കേസുകളിൽ പ്രതികളാണ് ഇവർ.

ടെലിഫോൺ പോസ്റ്റിനൊപ്പമുള്ള കാസ്റ്റ് അയൺ വേർപെടുത്തി ആക്രിയായി വിൽക്കുന്നതിന് വേണ്ടിയാണ് പോസ്റ്റ് കുറകെ വെച്ചതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവം അട്ടിമറി ശ്രമമാണ് എന്ന നിലയിലേക്കാണ് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. കൂടുതൽപേർക്ക് ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞ സ്കൂ‍ട്ടർ രണ്ട് ദിവസം മുൻപ് പോലീസിന്റെ രാത്രി പരിശോധനയിൽ കണ്ടിരുന്നു. മുഖ സാദൃശ്യവും പരിശോധിച്ച ശേഷമാണ് ഇവരെ പിടികൂടിയതെന്ന് എസ് പി കെ എം സാബു മാത്യു പറഞ്ഞു.

Related Articles

Back to top button
error: Content is protected !!