ക്ലിഫ് ഹൗസ് മാർച്ചിനിടെ പോലീസിന് നേരെ തീപ്പന്തമെറിഞ്ഞ സംഭവം; ഒന്നാം പ്രതി അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടന്ന പ്രതിഷേധത്തിനിടെ പോലീസിന് നേരെ തീപ്പന്തമെറിഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ഒന്നാംപ്രതി ശ്യാം ലാലാണ് അറസ്റ്റിലായത്. മ്യൂസിയം പോലീസ് പാറശാലയിൽ നിന്നാണ് ശ്യാമിനെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. 28 പേർക്കെതിരെയാണ് കേസ്.
പ്രതിപക്ഷനേതാവിന്റെ വസതിയിലേക്കുള്ള എസ്എഫ്ഐ മാർച്ചിലും ഷാഫി പറമ്പിലിനെ തടഞ്ഞതിലും പ്രതിഷേധിച്ചായിരുന്നു നൈറ്റ് മാർച്ച്. പന്തവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അത് പോലീസിന് നേരെ വലിച്ചെറിയുകയായിരുന്നു. പോലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. മ്യൂസിയം എസ്ഐയെ പരാതിക്കാരനാക്കിയാണ് നടപടി.
മാർച്ചിൽ ബാരിക്കേഡിന് മുകളിലൂടെ പ്രവർത്തകർ തീപ്പന്തം എറിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വധശ്രമത്തിന് കേസെടുത്തത്. പ്രവർത്തകർ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും എഫ് ഐ ആറിൽ പറയുന്നു. ഡി സി സി ജനറൽ സെക്രട്ടറി ശ്രീകല, മഹിളാ കോൺഗ്രസ്സ് നേതാക്കളായ വീണാ നായർ, ലീന എന്നിവരക്കം പ്രതികളാണ്.