പുഷ്പ 2, ഗെയിം ചെയ്ഞ്ചർ നിർമ്മാതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്
ഹൈദരാബാദ്: തെലുങ്ക് സിനിമ വ്യവസായം അടുത്തിടെ സാക്ഷിയായ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ, ടോളിവുഡിലെ പ്രമുഖ നർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. രാം ചരൺ നായകനായ ‘ഗെയിം ചെയ്ഞ്ചര്‍’, അല്ലു അർജുൻ നായകനായ ‘പുഷ്പ 2: ദി റൂള്‍’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് ഒരേസമയം റെയ്ഡ് നടന്നതെന്നാണ് വിവരം.
ഗെയിം ചെയ്ഞ്ചറിന്റെ നിർമ്മാതാവും തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാനുമായ ദിൽ രാജു, മകൾ ഹൻസിത റെഡ്ഡി, ഷിരിഷ്, ‘പുഷ്പ 2: ദി റൂള്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിലെ നവീൻ യെർനേനി, രവിശങ്കർ എന്നിവരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
സിനിമ നിർമ്മാതാക്കളുമായി ബന്ധപ്പെട്ട എട്ടോളം സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തെ തുടർന്നാണ് പരിശോധനയെന്ന് വൃത്തങ്ങൾ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ 55 ടീമുകൾ റെയ്ഡിന് പങ്കെടുത്തെന്നാണ് വിവരം.
സാമ്പത്തിക പൊരുത്തക്കേടുകളും നികുതി തട്ടിപ്പുകളും കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തിയതെന്ന് അന്വേഷണവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ പുഷ്പ 2, ഇന്ത്യയിൽ നിന്ന് മാത്രം 1228 കോടി രൂപയും ആഗോള കളക്ഷനായി 1734 കോടി രൂപയും നേടിയിരുന്നു. എന്നാൽ 450 കോടി ബജറ്റിലൊരുക്കിയ ഗെയിം ചെയ്ഞ്ചറിന് കാര്യമായ നേട്ടമണ്ടാക്കാനായില്ലെന്നാണ് വിവരം.