ഗാബ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 260ന് പുറത്ത്; ഓസീസിന് 185 റൺസിന്റെ ലീഡ്
ഗാബ ടെസ്റ്റിൽ വീരോചിത പോരാട്ടത്തിലൂടെ ഫോളോ ഓൺ ഒഴിവാക്കിയ ഇന്ത്യ 260 റൺസിന് പുറത്തായി. അവസാന ദിനമായ ഇന്ന് 9ന് 252 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. തലേദിവസത്തേ സ്‌കോറിനേക്കാൾ എട്ട് റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ ഇന്ത്യക്ക് സാധിച്ചുള്ളു. 31 റൺസെടുത്ത ആകാശ് ദീപാണ് ഇന്ന് പുറത്തായത്
44 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതമാണ് പത്താമനായി ക്രീസിലെത്തിയ ആകാശ് ദീപ് സ്വന്തമാക്കിയത്. ജസ്പ്രീത് ബുമ്ര 10 റൺസുമായി പുരത്താകാതെ നിന്നു. ഇരുവരും ചേർന്ന് അവസാന വിക്കറ്റിൽ നിർണായകമായ 47 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യ 260 റൺസിന് ഓൾ ഔട്ടായതോടെ ഓസീസിന് 185 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി
ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനിച്ചതിന് പിന്നാലെ മഴ ഒന്നര മണിക്കൂറോളം കളി തടസ്സപ്പെടുത്തുകയും ചെയ്തു. രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്. 8 റൺസെടുത്ത ഉസ്മാൻ ഖവാജയെ ബുമ്ര പുറത്താക്കി. മൂന്ന് റൺസുമായി നഥാൻ മക്‌സീനിയും റൺസൊന്നുമെടുക്കാതെ ലാബുഷെയ്‌നുമാണ് ക്രീസിൽ