തിലകക്കുറിയുമായി തിലക് വര്‍മ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് രണ്ടാം ജയം
തിലക് വര്‍മ 72 നോട്ടൗട്ട്
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം നേടാതിരുന്ന താരങ്ങളുടെ മധുരപ്രതികാരത്തിന് വേദിയായി ചിദംബരം സ്റ്റേഡിയം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മിന്നും പ്രകടനമാണ് ഹൈദരബാദ് താരമായ തിലക് വര്‍മ പുറത്തെടുത്തത്.54 പന്തില്‍ 72 റണ്‍സെടുത്ത താരം ഇന്ത്യയുടെ വിജയശില്‍പ്പിയായി. അഞ്ച് സിക്‌സും നാല് ഫോറുമാണ് താരം അടിച്ചെടുത്തത്.
ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന പോരാട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് ഇന്ത്യ വിജയത്തിലേക്ക് എത്തിയത്. രണ്ട് വിക്കറ്റും നാല് ബോളും ബാക്കി നിൽക്കെ ഇന്ത്യ ഇംഗ്ലണ്ട് ഉയർത്തിയ വിജലക്ഷ്യം മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുത്തു. തുടക്കം പാളിയ ഇംഗ്ലണ്ടിനെ രക്ഷിച്ചത് നായകന്‍ ജോസ് ബട്ടലറിന്റെ ഇന്നിംഗ്‌സാണ്. 30 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറുമായി താരം 45 റണ്‍സെടുത്തു. എട്ടാമനായി ഇറങ്ങിയ ബ്രൈഡണ്‍ കാര്‍സിന് 31 റണ്‍സ് എടുത്ത് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. അക്‌സര്‍ പാട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം നേടി. ഇന്ത്യക്ക് വേണ്ടി അഭിഷേക് ശര്‍മയടക്കം ഏഴ് പേര്‍ ബോള്‍ എറിഞ്ഞുവെന്നതും വ്യത്യസ്തമായി. മികച്ച ബോളിംഗ് കാഴ്ചവെച്ച ഹാര്‍ദിക് പാണ്ഡ്യക്ക് രണ്ട് ഓവര്‍ മാത്രമാണ് ലഭിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് തുടക്കം തന്നെ പാളിയിരുന്നു. സഞ്ജുവും അഭിഷേക് ശര്‍മയും മൂന്ന് ഓവറിനുള്ളില്‍ പുറത്തായി. പിന്നീട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 12 റണ്‍സിന് ഔട്ടായി. എന്നാല്‍, മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മയാണ് മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്ത് ടീമിന് കരുത്തേകിയത്. 19 പന്തില്‍ 26 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്നിംഗ്‌സ് പുറത്തെടുത്തെങ്കിലും ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ താരം ബൗള്‍ഡായി.