36 മണിക്കൂറിനുള്ളിൽ ഇന്ത്യ ആക്രമിച്ചേക്കും; ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയെന്ന് പാക് മന്ത്രി

അടുത്ത 24-36 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി ആരംഭിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് പാക്കിസ്ഥാൻ വാർത്താ വിനിമയ മന്ത്രി അത്തൗല്ല തരാർ. ഇത്തരം നടപടിയുണ്ടായാൽ ഇന്ത്യക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും തരാർ പറഞ്ഞു. ഇന്ത്യ സ്വയം ജഡ്ജിയും ആരാച്ചാരും ആകുകയാണെന്നും പാക് മന്ത്രി ആരോപിച്ചു
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രസ്താവന. ഇന്ത്യ ആക്രമിക്കുമെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയെയും സമീപിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് തിരിച്ചടിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി പൂർണ സ്വാതന്ത്ര്യം നൽകിയത്. ഇന്ന് നിർണായക കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. തിരിച്ചടി നീക്കങ്ങൾക്ക് അന്തിമ അംഗീകാരം നൽകുക കാബിനറ്റ് യോഗത്തിലാകും. നിയന്ത്രണ രേഖ മറികടന്നുള്ള ആക്രമണത്തിന് ഇന്ത്യ മുതിരുമോ എന്നതാണ് കാണേണ്ടത്.