സലാൽ ഡാമിന്റെ ഷട്ടർ തുറന്നുവിട്ട് ഇന്ത്യ; പാക്കിസ്ഥാനിൽ വെള്ളപ്പൊക്ക ഭീഷണി

ചെനാബ് നദിയിലുളള സലാൽ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ. സലാൽ അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ത്യ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയിൽ മഴ തുടർച്ചയായി പെയ്യുന്നതിനാൽ ജലനിരപ്പ് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്നത്. അതേസമയം, ഇന്ത്യ ഡാമിന്റെ ഷട്ടർ തുറന്നുവിട്ടത് പാകിസ്ഥാന് ആശങ്കയുയർത്തിയിട്ടുണ്ട്.
പാക്കിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങൾ വെളളപ്പൊക്ക ഭീതിയിലാണ്. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന പ്രധാന നദികളിലൊന്നാണ് ചെനാബ്. നദിയുടെ ഒഴുക്കിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ മേഖലയെ സാരമായി ബാധിക്കും. പാക്കിസ്ഥാനെ ഔദ്യോഗികമായി അറിയിക്കാതെയാണ് ഇന്ത്യ ഡാമിന്റെ ഷട്ടറുകൾ തുറന്നത്.
പഹൽഗാമിൽ ഭീകരാക്രമണം നടന്നതിനു പിന്നാലെ പാകിസ്താനുമായുളള സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ പാകിസ്താനിലേക്കുളള ജലമൊഴുക്ക് തടയാനുളള നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചെനാബ് നദിയിലെ ബഗ് ലിഹർ ഡാമിന്റെയും സലാൽ ഡാമിന്റെയും ഷട്ടറുകൾ ഇന്ത്യ പൂർണമായും അടച്ചിരുന്നു.