Kerala
ഇന്ത്യ-പാക് സംഘർഷം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കിയതായി സൂചന

ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കിയതായി സൂചന. ഈ മാസം 18ന് രാഷ്ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെ സ്വകാര്യ ചടങ്ങുകൾ ഒഴിവാക്കാൻ രാഷ്ട്രപതി തീരുമാനിച്ചെന്നാണ് വിവരം
സന്ദർശനം റദ്ദാക്കിയതായി ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. രാഷ്ട്രപതി എത്തുന്നതിനോട് അനുബന്ധിച്ച് 18നും 19നും തീർഥാടകർക്ക് വെർച്വൽ ക്യൂ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഒഴിവാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പമ്പയിലെത്തി പരിശോധന നടത്തിയിരുന്നു. നിലയ്ക്കൽ ഹെലിപാഡും ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.