ഹൈദരാബാദ് വിമാന ദുരന്തത്തിൽ മൃതദേഹങ്ങൾ മാറിപ്പോയെന്ന ആരോപണം; പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി: കഴിഞ്ഞ മാസം അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്തതിൽ പിഴവുണ്ടായെന്നും ചില മൃതദേഹങ്ങൾ മാറിപ്പോയെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെതിരെ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്ത്. എല്ലാ മൃതദേഹങ്ങളും അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ അനുസരിച്ചും മരിച്ചവരോടുള്ള ബഹുമാനം കണക്കിലെടുത്തുമാണ് കൈകാര്യം ചെയ്തതെന്ന് ഇന്ത്യ വ്യക്തമാക്കി.
ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നു വീണ് 241 പേർ മരിച്ചിരുന്നു. ഇതിൽ ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെട്ടിരുന്നു. ഈ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മാറിയതായും, ഒരു ശവപ്പെട്ടിയിൽ ഒന്നിലധികം പേരുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതായും ബ്രിട്ടീഷ് ദിനപത്രമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് കൂടുതൽ മാനസിക പ്രയാസങ്ങളുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹങ്ങൾ മാറിപ്പോയതിനെ തുടർന്ന് ചില കുടുംബങ്ങൾക്ക് സംസ്കാരച്ചടങ്ങുകൾ മാറ്റിവെക്കേണ്ടി വന്നതായും ആരോപണമുണ്ട്.
ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചു. “റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ആശങ്കകൾ ഉയർന്നുവന്ന നിമിഷം മുതൽ ഞങ്ങൾ യുകെ പക്ഷവുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ദുരന്തത്തിന് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ സ്ഥാപിച്ച പ്രോട്ടോക്കോളുകൾക്കും സാങ്കേതിക ആവശ്യങ്ങൾക്കും അനുസരിച്ചാണ് തിരിച്ചറിഞ്ഞതെന്നും, എല്ലാ മൃതദേഹങ്ങളും അതീവ പ്രൊഫഷണലായി, മരിച്ചവരുടെ അന്തസ്സിനെ മാനിച്ചാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള ആധുനിക മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുന്നതായി അധികൃതർ അറിയിച്ചു. എന്നിരുന്നാലും, വിമാനം പൂർണ്ണമായും കത്തിനശിക്കുകയും ഉയർന്ന താപനിലയിൽ മൃതദേഹങ്ങൾക്ക് ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്തതിനാൽ തിരിച്ചറിയൽ പ്രക്രിയ സങ്കീർണ്ണമായിരുന്നു.