Sports

ബംഗ്ലാദേശിനെ ഞെട്ടിച്ച് ഇന്ത്യ

മധ്യനിര മിന്നി; 200 കടന്ന് ഇന്ത്യന്‍ ടീം

ന്യൂഡല്‍ഹി: സഞ്ജു സാംസണ്‍ അടക്കം മൂന്നു ബാറ്റര്‍മാരെ വെറും 41 റണ്‍സിനിടെ പുറത്താക്കിയ ബംഗ്ലാദേശ് ബോളര്‍മാര്‍ക്ക് കനത്ത മറുപടി നല്‍കി ഇന്ത്യ. പവര്‍പ്ലേയ്ക്കിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും രാജ്യന്തര ട്വന്റി20യിലെ കന്നി അര്‍ധ സെഞ്ച്വറിയോടെ നിതീഷ് റെഡ്ഡി ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. റെഡ്ഡിക്ക് പിന്നാലെ അര്‍ധസെഞ്ചറിയുമായി റിങ്കു സിങും മിന്നും പ്രകടനം കാഴ്ചവെച്ചു. ഇതോടെ രാജ്യാന്തര ട്വന്റി20യില്‍ ആദ്യമായി ബംഗ്ലദേശിനെതിരെ ഇന്ത്യ 200 കടന്നു! അതും പവര്‍പ്ലേയില്‍ ആദ്യമായി 3 വിക്കറ്റ് നഷ്ടമാക്കിയ അതേ മത്സരത്തില്‍.

നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 221 റണ്‍സ്. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം മത്സരത്തില്‍ 34 പന്തില്‍ 74 റണ്‍സെടുത്ത നിതീഷ് റെഡ്ഡി, അര്‍ധസെഞ്ചറി നേടിയ റിങ്കു സിങ് (29 പന്തില്‍ 53) എന്നിവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ (19 പന്തില്‍ 32), റിയാന്‍ പരാഗ് (ആറു പന്തില്‍ 15) എന്നിവരുടെ ഇന്നിങ്‌സുകള്‍ കൂടി ചേര്‍ന്നതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്.

സഞ്ജു സാംസണ്‍ ആദ്യ ഓവറില്‍ ഇരട്ട ഫോറുമായി ഒരിക്കല്‍ക്കൂടി പ്രതീക്ഷ നല്‍കിയെങ്കിലും, ഏഴു പന്തില്‍ 10 റണ്‍സുമായി പുറത്തായി. അഭിഷേക് ശര്‍മ 11 പന്തില്‍ മൂന്നു ഫോറുകള്‍ നേടി ഒരു പടി കൂടി കടന്നെങ്കിലും, 15 റണ്‍സോടെയും മടങ്ങി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച സൂര്യകുമാര്‍ യാദവ്, 10 പന്തില്‍ ഒരു ഫോര്‍ സഹിതം എട്ടു റണ്‍സോടെയും പുറത്തായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.മന്ദഗതിയിലായിരുന്നു നിതീഷ് റെഡ്ഡിയുടെ തുടക്കം. ആദ്യ 13 പന്തില്‍ ഒരു ഫോര്‍ സഹിതം 13 റണ്‍സ്. പിന്നാലെ മഹ്‌മൂദുല്ല എറിഞ്ഞ നോബോളിനു ലഭിച്ച ഫ്രീഹിറ്റില്‍നിന്ന് സിക്‌സര്‍. തൊട്ടടുത്ത പന്തില്‍ എല്‍ബിക്കായുള്ള മഹ്‌മൂദുല്ലയുടെ അപ്പീല്‍ അംപയര്‍ നിരസിച്ചു. ഡിആര്‍എസ് എടുത്ത് ബംഗ്ലദേശ് റെഡ്ഡിയെ പുറത്താക്കാനുള്ള വഴി തേടിയെങ്കിലും, അംപയേഴ്‌സ് കോളിന്റെ ആനുകൂല്യം തുണയ്‌ക്കെത്തി. തൊട്ടടുത്ത പന്തില്‍ ഫോറടിച്ച് നയം വ്യക്തമാക്കിയ റെഡ്ഡി, അടുത്ത ഓവറില്‍ റിഷാദ് ഹസനെതിരെ ഇരട്ട സിക്‌സറുമായാണ് ‘ലൈഫ്’ ആഘോഷിച്ചത്. സിക്‌സറുകളും ഫോറുകളുമായി ആക്രമണം തുടര്‍ന്ന നിതീഷ് റെഡ്ഡി 12-ാം ഓവറില്‍ കന്നി അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി.

Related Articles

Back to top button