പാക്കിസ്ഥാനെ ക്രിക്കറ്റിലും ഒറ്റപ്പെടുത്താൻ ഇന്ത്യ; ഏഷ്യാ കപ്പിൽ നിന്നും പിൻമാറാൻ ബിസിസിഐ

പാക്കിസ്ഥാനെ ക്രിക്കറ്റിലും ഒറ്റപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഈ വർഷത്തെ ഏഷ്യാ കപ്പിൽ നിന്നും ഇന്ത്യൻ ടീമിനെ പിൻവലിക്കാനാണ് ബിസിസിഐ നീക്കം. നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ നിയന്ത്രിക്കുന്നത് പാക് മന്ത്രിയായ മൊഹ്സിൻ നഖ്വിയാണ്. ഇക്കാരണം മുൻനിർത്തിയാണ് ബിസിസിഐയുടെ നീക്കം
അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന വനിതാ എമേർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്നും സെപ്റ്റംബറിൽ നടക്കുന്ന പുരുഷ ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്നും പിൻമാറുന്നതായി ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
പാക് മന്ത്രി അധ്യക്ഷനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് കളിക്കാനാകില്ല. അതാണ് രാജ്യത്തിന്റെ വികാരമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ പിൻമാറുന്നതോടെ ഏഷ്യാ കപ്പിന്റെ നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലാകും.