സിഡ്‌നിയിലും മാറാതെ ഇന്ത്യ: 185ന് ഓൾ ഔട്ട്, ബോളണ്ടിന് 4 വിക്കറ്റ്
സിഡ്‌നി ടെസ്റ്റിൽ ഇന്ത്യ 185 റൺസിന് ഓൾ ഔട്ടായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിൽ പോലും ഓസീസിന് വെല്ലുവിളി ഉയർത്താനായില്ല. നായകൻ രോഹിത് ശർമയെ പുറത്തിരുത്തി ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റൻസി ഏൽപ്പിച്ചെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര പതിവ് പോലെ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. രോഹിതിന് പകരം ടീമിലെത്തി ശുഭ്മാൻ ഗില്ലിനും തിളങ്ങാനായില്ല
98 പന്തിൽ 40 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. വാലറ്റത്ത് തകർപ്പനടികൾ കാഴ്ച വെച്ച ബുമ്ര 17 പന്തിൽ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 22 റൺസെടുത്തു. രവീന്ദ്ര ജഡേജ 26 റൺസിനും ഗിൽ 20 റൺസിനും പുറത്തായി. വാഷിംഗ്ടൺ സുന്ദർ 14 റൺസെടുത്തു. വിരാട് കോഹ്ലി 17 റൺസെടുത്തു പുറത്തായി.
ഓസീസിനായി സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റും മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റും വീഴ്ത്തി. പാറ്റ് കമ്മിൻസ് രണ്ടും നഥാൻ ലിയോൺ ഒരു വിക്കറ്റുമെടുത്തു.